ന്യൂയോര്‍ക്ക്: അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിന് (പഴയ ട്വിറ്റർ) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്കൈ പുത്തന്‍ നാഴികക്കല്ലില്‍. ബ്ലൂസ്കൈയില്‍ ഉപഭോക്താക്കളുടെ എണ്ണം 20 മില്യണ്‍ അഥവാ രണ്ട് കോടി കടന്നു. ബ്ലൂസ്കൈ സിഇഒയും വനിതയുമായ ജയ് ഗ്രാബറാണ് ഇക്കാര്യം അറിയിച്ചത്
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് ജയിച്ചതിന് പിന്നാലെയാണ് എക്സ് വിട്ട് ആളുകള്‍ ബ്ലൂസ്കൈയിലേക്ക് പ്രയാസം തുടങ്ങിയത്. ഒറ്റദിനം കൊണ്ട് 115,000 എക്സ് അക്കൗണ്ടുകളാണ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെട്ടത് എന്നാണ് കണക്കുകള്‍. ട്രംപിനോട് അമർഷമുള്ളവരും എക്സിന്‍റെ നയങ്ങളില്‍ വിമർശനമുള്ളവരും എക്സിനോട് ബൈ പറയുകയായിരുന്നു. ഡൊണള്‍ഡ് ട്രംപിന്‍റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്നയാളാണ് ശതകോടീശ്വരനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്ക്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം ബ്ലൂസ്കൈയുടെ യൂസർമാരില്‍ 500 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് എന്നാണ് കണക്കുകള്‍. അമേരിക്കയ്ക്ക് പുറമെ ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ബ്ലൂസ്കൈക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത്. കോണ്ടന്‍റ് മോഡറേഷന്‍ പോളിസില്‍ മസ്കുമായുള്ള നിയമപോരാട്ടത്തിനെ തുടർന്ന് ബ്രസീലില്‍ ഒരുവേള എക്സിന് നിരോധനമുണ്ടായതിന് പിന്നാലെ ബ്രസീലുകാർ കൂടുതലായി ബ്ലൂസ്കൈയില്‍ അക്കൌണ്ട് തുറക്കുകയായിരുന്നു.
ട്വിറ്ററിന്‍റെ മുന്‍ സിഇഒയായ ജാക്ക് ഡോർസി 2023ല്‍ ആരംഭിച്ചതാണ് ബ്ലൂസ്കൈ. എന്നാല്‍ അദേഹം അധികകാലം അവിടെ തുടർന്നില്ല. വളരെ കുറഞ്ഞ ജീവനക്കാർ മാത്രമാണ് ഇപ്പോള്‍ ബ്ലൂസ്കൈക്കുള്ളത്. 20 പൂർണ സമയ തൊഴിലാളികളെ തനിക്ക് കീഴിലുള്ളൂ എന്ന് ജയ് ഗ്രാബർ പറയുന്നു. അതിനാല്‍ തന്നെ ഓരോ തൊഴിലാളിയും 10 ലക്ഷം ബ്ലൂസ്കൈ ഉപഭോക്താക്കളുടെ കോണ്ടന്‍റ് മോഡറേറ്റ് ചെയ്യേണ്ടതുണ്ട്. കൂടുതല്‍ ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് അവർ പറഞ്ഞു. റെക്കോർഡ് വളർച്ചയാണെങ്കിലും എക്സിന് മുന്നില്‍ ഇപ്പോഴും ശിശുവാണ് ബ്ലൂസ്കൈ. മൈക്രോ ബ്ലോഗിംഗ് സൈറ്റുകളില്‍ എക്‌സിന് 259 മില്യണും മെറ്റയുടെ ത്രഡ്‌സിന് 275 മില്യണും മാസത്തില്‍ സജീവ ഉപയോക്താക്കളുണ്ട്.